അടക്കിപ്പിടിച്ച ശബ്ദം.. ഉമ്മയാണ്..
" എല്ലാം കഴിഞ്ഞു ഉമ്മാ.. "
വാക്കുകളില്‍ പ്രത്യേകിച്ചൊരു ഭാവവുമില്ലാതെ സാഹിറ മൊഴിഞ്ഞു..
"മാസം മൂവായിരം രൂപ ചെലവിനു തരാന്‍ കോടതി വിധിച്ചിരിക്കുന്നു.. ഫിദ മോളെ എന്റെ കൂടെ വിടെം ചെയ്തു.. " മറുതലക്കല്‍ ഒരു തേങ്ങല്‍... സാഹിറ ഫോണ്‍ ചെവിയോടമാര്‍ത്തി വെച്ചു .. ഉമ്മയുടെ തേങ്ങല്‍ കേള്‍ക്കാം... മനസ്സ് കല്ലായി മാറിയ സാഹിറക്ക് ആ തേങ്ങലില്‍ പ്രത്യേകിച്ചൊരു വികാരവും വന്നില്ല... ഇനി മൌനം സംഭാഷണം ഏറ്റെടുക്കുമെന്ന് തോന്നിയ സാഹിറ കോള്‍ ഡിസ്കണക്റ്റ് ചെയ്തു ഫോണ്‍ തെന്റെ ബാഗില്‍ തിരുകി.. തന്റെ ഒക്കത്തിരിക്കുന്ന ഫിദമൊളെ നോക്കി സാഹിറ ചിരിച്ചു..
" മോളേ .. നിനക്ക് വിലയിട്ടു... ഒരു മാസം നിനക്കുള്ള വില മൂവായിരം രൂപയാണ്.. "
എല്ലാം മനസിലായ രീതിയില്‍ ഫിദ മോള്‍ തന്റെ മോണകാട്ടി ചിരിച്ചു സാഹിരയുടെ കവിളില്‍ തടവി...
"സായിറാ .. ഇജി ഇവിടെ നിക്ക് ഉപ്പ ഇപ്പൊ വരാം... ആ വക്കീല്‍ സാറിനെയോന്നു കാണട്ടെ.. ഇജി ആ മരത്തിന്റെ ചോട്ടില്‍ പോയി നിന്നോ.... ഉപ്പ ബേഗം വരാം.."
മറുപടിക്ക് കാത്തു നില്‍ക്കാതെ അബൂബക്കര്‍ ഹാജി നടന്നു നീങ്ങി...
കോടതി മുറ്റത്തെ ചീനിമരം തെന്റെ ചില്ലകള്‍ വിരിച്ചു സാഹിറക്കും ഫിദമോള്‍ക്കും തണലേകി..
ചൂടിന്റെ കാഠിന്യം കുറക്കാനെന്നവണ്ണം ചില്ലകള്‍ ചെറിയ കാറ്റില്‍ ആടിയുലഞ്ഞു അവര്‍ക്ക് വീശിക്കൊടുത്തു.. മരക്കൊമ്പിലിരിക്കുന്ന പക്ഷികള്‍ ഫിദമോള്‍ക്ക് പാടിക്കൊടുത്തു..
തള്ളക്കിളിക്ക് നടുവിലായി സ്ഥാനമുറപ്പിച്ച കിളിക്കുഞ്ഞു ഫിദ മോളെ ദയനീയമായി നോക്കി...
കിളിക്കുഞ്ഞിന്റെ നോട്ടം കണ്ട ഫിദമൊള്‍ അസ്വസ്ഥതയോടെ തന്റെ കുഞ്ഞു കൈകള്‍ മേലോട്ടുയതി സാഹിറക്ക് കാണിച്ചു കൊടുത്തു...
തള്ളക്കിളികളുടെ ചിറകിന്റെ ചൂടില്‍ സുരക്ഷിതയായി നില്‍ക്കുന്ന കിളിക്കുഞ്ഞിനെ കണ്ടു സാഹിറ തകര്‍ന്നു പോയി...
" ന്റെ മോളെ..." സാഹിറ ഫിദ മോളെ തുരുതുരാ ഉമ്മ വെച്ചു .
പെട്ടെന്ന്...
സാഹിരയുടെ മാറിന്റെ ചൂടില്‍ പറ്റിപ്പിടിച്ചു നിന്നിരുന്ന ഫിദമൊളെ ഒരാള്‍ ശക്തിയോടെ പറിച്ചെടുത്തു...
സാഹിറ ഞെട്ടലോടെ മുഖമുയര്‍ത്തി നോക്കി...
"നിസാര്‍ക്ക.. ന്റെ റബ്ബേ......"
"ഇങ്ങു താ ഇന്റെ മോളെ...
തൊട്ടു പോകരുതെന്റെ മോളെ...
അവള്‍ ആക്രോശിച്ചു..
ഒന്നും സംഭവിക്കാത്ത ഭാവത്തില്‍ അയാള്‍ കുഞ്ഞിനെയുമെടുത്തു നടന്നു നീങ്ങി...
"മോളേ .." ന്റെ പോന്നു മോളേ .... "
ഇന്റെ മോളെ കൊണ്ടോവല്ലേ...... ന്റെ പൊന്നൂൂനെ കൊണ്ടോവല്ലേ.... "
സാഹിറ അലമുറയിട്ടു...
കോടതി മുറ്റത്തു പാര്‍ക്ക് ചെയ്തിരുന്ന വെളുത്ത സ്വിഫ്റ്റ് കാറിന്റെ ഡോര്‍ തുറന്നു അയാള്‍ ശക്തിയായി അത് വലിച്ചടച്ചു..
സാഹിറയുടെ മാതൃത്വത്തിന്റെ അലമുറ കേട്ട് ആടിയുലഞ്ഞിരുന്ന ചീനിമരചില്ലകള്‍.. ആട്ടം നിര്‍ത്തി...
മരച്ചില്ലകളില്‍ കലപില കൂടിയിരുന്ന കിളിക്കൂട്ടങ്ങള്‍ നിശബ്ദരായി..
നിരത്തിലൂടെ ഇരമ്പി ഓടുന്ന വാഹനഗളുടെ മുഴക്കങ്ങള്‍ സാഹിറയുടെ അലറ്ച്ചക്ക് വഴിമാറിക്കൊടുത്തു...
ആളുകള്‍ സാഹിറക്ക് ചുറ്റും കൂടി..
" എന്താ.. എന്താ സംഭവം.."
ആളുകള്‍ക്കിടയില്‍ ആരോ തിരക്കി..
ന്റെ മോളെ കൊണ്ടോയി... ന്റെ മോളെ തട്ടിപ്പറിച്ചു കൊണ്ടോയി.."
ആര്" ആരാ കൊണ്ടോയത്? എവിടെ അയാള്‍"
"ദാ ആ കാറില്‍.. ആ വെളുത്ത കാറില്‍.."
അകലെ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിന്റെ ചൂണ്ടിക്കൊണ്ട് അവള്‍ അലറിക്കരഞ്ഞു..."
"ആരാ അയാള്‍.. എന്തിനാ നിന്റെ മോളെ അയാള്‍ കൊണ്ടോയത്.."
കൂടി നിന്നവരില്‍ ആകാംക്ഷ..
"എന്റെ കേട്ട്യൊനാരുന്നു.. ഇന്ന് കോടതീല്‍ ഞങ്ങള്‍ പിരിഞ്ഞു.. ന്റെ മോളെ നിക്ക് വേണം...
കോടതി എന്റെ കൂടെയാ മോളെ വിട്ടത് ."
"കുട്ടീടെ കൂടെ ആരും ഇല്ലേ..?"
കൂട്ടത്തില്‍ നിന്നും ഒരു സ്ത്രീ ശബ്ദം..
"ഉപ്പ ഉണ്ടാരുന്നു.. വക്കീലിനെ കാണാന്‍ വേണ്ടി ഓഫീസില്‍ പോയതാ..."
"ചെല്ലിന്‍ കൂട്ടരേ... അവനോടു ആ കുട്ടിയെ വാങ്ങിക്കൊടുക്കിന്‍.."
കൂട്ടത്തിലെ ആണ്‍ പ്രജകളെ നോക്കി ആ സ്ത്രീ പറഞ്ഞു..
ആളുകള്‍ പരസ്പരം നോക്കി..
കൂട്ടത്തില്‍ ധൈര്യം സംഭരിച്ച ഒരു യുവാവ് അവടെ കൂട്ടുകാരനെ നോക്കി..
"വാടാ.."
"ഇതെന്താ വെള്ളരിക്കാ പട്ടണമോ.."
"അവനോടു ചോദിക്കാം വാ.."അവന്‍ മുന്നേ നടന്നു.. പുറകെ സുഹൃത്തും.. രണ്ടുപേരുടെ ധൈര്യം കണ്ട മറ്റു മൂന്നുപേര്‍ അവരുടെ പുറകെ കൂടി..
തന്‍റെ നേര്‍ക്ക് നടന്നു വരുന്ന ആള്‍ക്കൂട്ടത്തെ കണ്ടു നിസാര്‍ കുഞ്ഞുമായി കാറില്‍ നിന്നും പുറത്തിറങ്ങി..
"മാഷെ.. ആ പെണ്ണിന്റെ കുഞ്ഞല്ലേ ഇത്.. "
"കോടതി മുറ്റത്തു സീനുണ്ടാക്കുകയാണോ?"
"ആ പെണ്ണിന്റെ മാത്രമല്ല.. എന്റെം കൂടിയാണ് ഈ കുഞ്ഞു ..
മാതൃത്വം അവള്‍ക്കു ഈ കുഞ്ഞിലൂടെ സമ്മാനിച്ച സന്തോഷം പോലെ എന്റെ പിതൃത്വത്തിനും ഇവളിലൂടെ സന്തോഷിക്കാന്‍ അവകാശമുണ്ട്.. .. എന്റെം കൂടെ മോളാ ഇവള്‍...
എന്നിട്ടും ജഡ്ജ് അത് കാണാതെ പോയി..."അതൊക്കെ അങ്ങ് കോടതീല്‍ പറയേണ്ടതല്ലേ.. മര്യാദക്കു കുഞ്ഞിനെയങ്ങു കൊടുത്തോ.. ഇല്ലേല്‍ ഇപ്പൊ വിളിക്കും പോലീസിനെ.." വേണ്ട... പോലീസിനേം പട്ടാളതിനേം വിളിക്കെണ്ടാ...ഒരു പത്തു മിനിട്ട് സമയം താ... എന്റെ മോളുടെ ചിരിയൊന്നു ഞാന്‍ കണ്ടോട്ടെ... എന്നിട്ട് കൊണ്ടുപോയ്ക്കോ .." "എന്തിനു പത്തു മിനിറ്റില്‍ ഒതുക്കി... നിങ്ങള്ക്ക് ജീവിചൂടാരുന്നോ .ഈ കുഞ്ഞിനു വേണ്ടി... "എനിക്ക് നിങ്ങളോട് കൂടുതലൊന്നും പറയാനില്ല .. നിങ്ങളൊക്കെ കഥയറിയാതെ ആട്ടം കാണാന്‍ വന്നവരാ .. ഒരു പെണ്ണിന്റെ കള്ളക്കണ്ണീരില്‍ എന്നെ ചോദ്യം ചെയ്യാന്‍ വന്നവര്‍.. "കൊണ്ട് പൊയ്ക്കോ..
കൊണ്ട് പോയി ക്കൊടുക്ക്.. ."
തന്റെ നെഞ്ചിലെ ചൂടില്‍ ആശ്വസിചിരിക്കുന്ന ഫിദമൊളെ വിറയാര്‍ന്ന കൈകളോടെ പറിച്ചെടുത്തു അയാള്‍ വന്നവര്‍ക്ക് നേരെ നീട്ടി..
കാഴ്ചകള്‍ കണ്ടു നിന്ന സാഹിറ ഒരിവന്നു കുഞ്ഞിനെ വാരിയെടുത്ത് തുരുതുരാ ചുമ്പിച്ചു ..പടക്കളത്തില്‍ തോറ്റുപോയ പോരാളികളെ പോലെ ചുറ്റും കൂടിയ കാഴ്ചക്കാര്‍ തല താഴ്ത്തിനിന്നു...
ഒന്നും സംഭവിക്കാത്തപോലെ നിസാര്‍ കാറില്‍ കയറി വാതില്‍ വലിച്ചടച്ചു... അയാള്‍ വിങ്ങിപ്പൊട്ടി...
അയാളുടെ അലര്‍ച്ച അടച്ചിട്ട കാറിന്റെ അകത്തളത്തില്‍ മുഴങ്ങി..
കോടതിമുറ്റത്തെ ചീനിമരചില്ലകള്‍ അയാളുടെ പിതൃ നോവിന്‍റെ അലമുറയെ ശ്രദ്ധിച്ചില്ല..
മരക്കൊമ്പിലെ കുരുവികള്‍ക്ക് അയാളുടെ ശബ്ദത്തിന്റെ തീവ്രതയളക്കാന്‍ കഴിഞ്ഞില്ല..
ഇരമ്പിപ്പായുന്ന വാഹനങ്ങള്‍ അയാളുടെ ശബ്ദത്തിനായി വഴിമാരിക്കൊടുത്തില്ല..

No comments:
Post a Comment