{PONNANI FACEBOOK GROUP SHORT STORY COMPETITION , STORY ID -1006}
''ഇന്ന് മുതല്‍ മരണം വരെ സന്തോഷത്തിലും ദു:ഖത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും പരസ്പരം സ്നേഹത്തോടും വിശ്വാസത്തോടും കൂടി ഏകമനസ്സോടെ ജീവിച്ചു കൊള്ളാമെന്ന് വിശുദ്ധസുവിശേഷം സാക്ഷിയാക്കി ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു!'' നീണ്ട പതിനെട്ടുവര്ഷങ്ങള്ക്കപ്പുറം പള്ളിമേടയിലെ യേശുവിന്റെ കുരിശുരൂപത്തിന് മുന്നില്‍ നിന്ന് ബൈബിളില്‍ കൈവെച്ചു കൊണ്ട് നഴ്സാവാന്‍ കൊതിച്ചവളും അച്ചനാവാന്‍ വിചാരിച്ചിരുന്ന അല്ഫോണ്സും പ്രതിജ്ഞ ഏറ്റുചൊല്ലിയത്,ഇന്നലെ കഴിഞ്ഞത് പോലെയാണ് സോഫിയക്ക് തോന്നിയത്...ഒരു പെണ്കുട്ടി ഉണ്ടായെന്നതൊഴിച്ചാല്‍ സ്വന്തം നിമ്ന്നോന്നതങ്ങളില്‍ തൊട്ടു തലോടാന്‍ കാത്തിരിക്കുന്നൊരു നവോഡയുടെ താരുണ്യം നിറഞ്ഞു നില്ക്കുന്ന മനസ്സാണിപ്പോഴും!
മെഡിസിനുകളുടെ മണം വിയര്പ്പിനോട് ഇഴുകിച്ചേര്ന്ന യൂണിഫോം അഴിച്ചു മാറ്റുന്നതിനിടയില്‍ കട്ടിലിലേക്ക് ഒന്നുകൂടി നോക്കി.പുള്ളിക്കാരന് ഇന്നും വോഡ്കയുടെ ലഹരിയില്‍ തന്നെയാണ്.കൈകള്‍ ഇരുവശത്തേക്കുമായി നിവര്ത്തി വെച്ച് മലര്ന്നുള്ള ആ കിടപ്പ്
കാണുമ്പോള്‍ കുരിശിലേറിയ തിരുരൂപത്തെ ഓര്മ്മ വന്നു.അങ്ങേരുപോലും മൂന്നാം ദിവസം ഉയിര്ത്തെഴുന്നേറ്റിരിക്കുന്നു.ഇതിപ്പോള്‍ ഇന്നേക്ക് നാലുനാളായിരിക്കുന്നു കള്ളും കുടിച്ചുള്ളയീ കിടപ്പ്...താന്‍ വരുന്നോ പോകുന്നോയെന്നൊന്നും അന്വേഷിക്കുന്നത് പോലുമില്ല...ഡൈനിംഗ് ടേബിളിലെ ഭക്ഷണപ്പാത്രങ്ങള്‍ കാലിയാകുന്നത് കൊണ്ട് മാത്രം മനസ്സിലാകുന്നുണ്ട്,ആള് എഴുന്നേല്‍ക്കാറുണ്ടെന്ന്..! നൈറ്റ് ഡ്യൂട്ടിയുടെ ക്ഷീണം കാരണം കുളിക്കാന്‍ പോലും നില്ക്കാതെ ബെഡിലേക്ക് വീണു...ആ മരക്കുരിശില്‍
നിന്നിറങ്ങിയിട്ട് ഒന്ന് കെട്ടിപ്പിടിച്ചിരുന്നെങ്കിലെന്നാശിച്ചു...മദ്യത്തിന്റെ ലഹരിക്ക് പെണ്ണിന്റെ മോഹങ്ങളേക്കാള്‍ വീര്യമുണ്ടാവാമെന്ന് സമാധാനിച്ചു.നരവീണുതുടങ്ങിയ ആ നെഞ്ചില്‍
മുഖമമര്‍ത്തിക്കരയാന്‍ തോന്നി. വേണ്ട,'ഹോസ്പിറ്റലിന്റെ മണമാണ്' തന്റെ ശരീരത്തിനെന്നാണ് ഇവിടെ വന്നതില്‍ പിന്നെ അല്ഫോണ്സിന്റെ പരാതി. ഇനിയിപ്പോള് ഈ ചുടുകണ്ണീര്
വീണു നനഞ്ഞെന്നും പറഞ്ഞൊരു വഴക്കിന് ഇടയാക്കേണ്ട;
ആണ്വര്ഗ്ഗമാണ്...കൂടെക്കിടന്നവനായാലും വിശ്വസിക്കാനാകില്ല...സൂര്യനെല്ലിയിലെ പതിനാറുകാരിപ്പെണ്ണിനെ പ്രണയിച്ച് പിച്ചിച്ചീന്തിയവന്റെ വര്ഗ്ഗം ബാക്കി മാന്തിപ്പൊളിച്ചും കാമം തീരാതെ പുലഭ്യം പറഞ്ഞും തീര്ന്നിട്ടില്ല ഇതുവരെ...നീണ്ട പതിനെഴുവര്ഷങ്ങള്ക്കിപ്പുറവും...ചാനലുകള്‍ അതൊക്കെ നന്നായി ആഘോഷിക്കുന്നുമുണ്ട്!
'പെണ്ണുംമ്പിള്ളയെ ദുബായിലേക്കയച്ചു പുള്ളിക്കാരന് കള്ളും കുടിച്ചോണ്ട് നാട്ടില്‍ വിലസി നടക്കുകയാണെന്ന' നാട്ടുകാരുടെ പരാതികള്‍ അമ്മച്ചിയുടെ വായില്‍ നിന്ന് കേട്ടുമടുത്തതിനാലാണ് അല്ഫോണ്സിനെ വിസിറ്റിംഗ് വിസയില്‍ ഇങ്ങോട്ടേക്ക് കൊണ്ട് വന്നത്.തന്റെ ദാഹങ്ങള്ക്കുമൊരു മുക്തിയാകുമല്ലോയെന്നും കരുതി.മോള്‍ക്ക് അമ്മച്ചിയുടെ കൂടെ നില്ക്കാന് ഇഷ്ട്ടവുമായിരുന്നു...കഴിഞ്ഞ വെക്കേഷന് പോയപ്പോള്‍ കവിളിലൊരു ഉമ്മ തന്നു മോള് പറഞ്ഞിരുന്നു:''മമ്മി തിരിച്ചു പോകുമ്പോള്‍ പപ്പായേം കൊണ്ട് പൊയ്ക്കോ...ഇത്രക്ക് സ്നേഹമുള്ളൊരു പപ്പേം മമ്മീം ഇങ്ങനെ രണ്ടിടത്തായി കഴിയേണ്ട!'' അത് കേട്ടപ്പോള്‍ മനസ്സ് കരഞ്ഞെങ്കിലും ചുണ്ടുകള്‍ ചിരിച്ചു കാണിച്ചു.കൌമാരക്കാരിയായ മോള്‍ക്ക് സ്നേഹത്തെക്കുറിച്ചല്ലേ അറിയൂ...സ്നേഹം നിഷേധിക്കപ്പെടുന്നവളുടെ വേദന അറിയില്ലല്ലോയെന്നോര്ത്തു! ചിന്തകള്‍ ആര്‍ത്തു വന്നപ്പോള്‍ മനസ്സ് അസ്വസ്ഥമായി...എഴുന്നേറ്റ് ചെന്ന് വിന്ഡോഗ്ലാസ്സ് നീക്കി പുറത്തേക്ക് നോക്കി.
റൂഷും മസ്ക്കാരയും തേച്ച് രാവില്‍ സുന്ദരിയായി നില്ക്കുന്നു ദുബായ്...ഷെയ്ഖ് നഹയാന്‍ റോഡിലൂടെ ചിരിച്ചുകൊണ്ട് പാഞ്ഞുവരുന്ന വാഹനങ്ങള്‍ ...തിരിച്ചു പോകുന്നവയ്ക്ക് കരഞ്ഞു കലങ്ങിയ കണ്ണുകള്‍ ....സ്വപ്നനഗരിക്ക് സ്വപ്നങ്ങള്‍ കരിഞ്ഞവരുടെയും കഥകള്‍ പറയാനുണ്ടാകും വരും കാലങ്ങളില്‍ ...താന്‍ വര്‍ക്ക് ചെയ്യുന്ന ഹോസ്പിറ്റലിലേക്ക് അധികം ദൂരമില്ലായെന്നു തോന്നുന്നുണ്ട് ഈ നിമിഷത്തില്‍
...തൊട്ടപ്പുറത്ത് നിയോണിന്റെയും മെര്ക്കുറിയുടേയും നിറങ്ങളാല്‍ കുളിച്ചുനില്ക്കുന്ന ഒയാസിസ് സെന്ററിന്റെ പാര്ക്കിംഗ് ഏരിയയില്‍ വന്നു നില്ക്കുന്ന കാറുകളില്‍ നിന്ന് അര്ദ്ധനഗ്നതയുടുത്ത
അറബിപ്പെണ്ണുങ്ങള്‍ ഇറങ്ങുന്നു...ഷോര്ട്ട്സും ടീ ഷര്ട്ടും ധരിച്ച അവരുടെ കാമുകന്മാരുടെ കൈകള്‍ കോര്‍ത്തു നടന്നു പോകുന്നു...തന്റെ സ്വന്തമാണെന്ന് കാണിക്കാനായിരുന്നിരിക്കണം,ചിലരൊക്കെ പരസ്പരം അരക്കെട്ടില്‍ കൈകള്‍ ചുറ്റിയാണ് നടപ്പ്...ഓര്‍മ്മകളപ്പോള്‍ ഓടിപ്പോയി പൂച്ചക്കണ്ണുള്ള മാപ്ലച്ചെക്കനെ കണ്ടുമുട്ടിയ കാലത്തില്‍ ചെന്ന് നിന്നു...തലശ്ശേരി നഴ്സിംഗ് കോളേജില്‍ ഒരുമിച്ച് പഠിച്ച നാളുകള്‍ ...പ്രണയിച്ച നാളുകള്‍ ...തനിക്ക് പ്രണയത്തിന് കിട്ടിയ ശിക്ഷയായിരുന്നു,അല്ഫോണ്സുമായുള്ള വിവാഹം...മാലാഖ പോലൊരു മൊഞ്ചത്തിപ്പെണ്ണിനെ കെട്ടി ആ മാപ്ലച്ചെക്കന്‍
സുഖമായി ജീവിക്കുന്നുണ്ടെന്ന് അറിഞ്ഞത്,ഫേസ് ബുക്കില് ഐ ഡി
ക്രിയേറ്റ് ചെയ്തതില്‍ പിന്നെയാണ്...ആവശ്യക്കാര്‍ ആസ്വദിക്കട്ടെയെന്നു കരുതിത്തന്നെയാണ് സ്വന്തം ഫോട്ടോ പ്രൊഫൈലില്‍ ഇട്ടത്...അടുത്ത ദിവസം തന്നെ ഫ്രന്‍ഡ് റിക്വസ്റ്റ് വന്നപ്പോഴാണ് അവനിപ്പോഴും തന്നെയോര്ക്കുന്നല്ലോയെന്നു മനസ്സിലായത്. 'ഡീ...പാലാക്കാരി നസ്രാണിപ്പെണ്ണേ, പാളയത്തുകാരന് മാപ്ലച്ചെക്കനെ മറന്നോ നീ' എന്നൊരു മെസ്സേജും കൂടെയുണ്ടായിരുന്നു...പിന്നെയും ഒരുപാട് മെസ്സേജുകള്‍ ...ഫ്രന്‍ഡ് റിക്വസ്റ്റ്,അക്സപ്റ്റ് ചെയ്തെങ്കിലും മെസ്സേജുകള്ക്കൊന്നും റിപ്ലൈ ചെയ്തില്ല...ഇനിയുമൊരു പ്രണയം നല്കി അവന്റെ
ഹൃദയം വേദനിപ്പിക്കരുതല്ലോ...മാത്രമല്ല,മോള് വളരുകയും ചെയ്തിരിക്കുന്നു...
ചിന്തകള്ക്ക് വിരാമമായത് ലാന്‍ഡ് ഫോണിന്റെ ശബ്ദം കേട്ടാണ്..!
''മാഡം,ഇത് ട്രാവല്സില് നിന്നാണ്...ഹസ്സിന്റെ വിസ റിന്യൂവല്‍ ചെയ്യാന്‍ സമയമായിരിക്കുന്നുവെന്ന് അറിയിക്കാന്‍ വിളിക്കുകയാണ്''
'വേണ്ട..റിന്യൂവല്‍ ചെയ്യേണ്ട' പെട്ടെന്ന് അങ്ങനെ പറയാനാണ് തോന്നിയത്!
''എന്തേ, മടുത്തോ?''
ട്രാവല്സിലെ പയ്യന്റെ ചോദ്യത്തിന് ദ്വയാര്ത്ഥം ഉണ്ടെന്നു തോന്നി.മലയാളിയിങ്ങനെയാണ്...മറുനാട്ടിലായാലും അവനവന്റെതല്ലാത്ത പെണ്ണിനോട് കിന്നാരം പറയാന്‍ ആര്‍ത്തിയാണ്! തന്റെ മറുപടി കേള്ക്കാത്തതിനാലാവണം പയ്യന് വാക്കുകള്‍ കൊണ്ട് ഒന്നുരുണ്ടുകൊണ്ട് പറഞ്ഞു:
''അതല്ല മാഡം,ഹസ്സിനു ദുബായ് മടുത്തോയെന്നാ ചോദിച്ചത് ''
'ഏയ്, ഇല്ലേയില്ല...നാട്ടില്‍ മോള്‍ക്കൊരു പ്രൊപ്പോസല്‍ ശരിയായിട്ടുണ്ട്...അത്കൊണ്ട് ഹസ്സിന് ഉടന്‍ തന്നെ നാട്ടിലേക്ക് പോകേണ്ടതുണ്ട്...എയര്‍ ഇന്ത്യ അല്ലാത്ത ഏതെങ്കിലുമൊരു ടിക്കറ്റ് ഏറ്റവുമടുത്ത ദിവസത്തേക്ക് ബുക്ക് ചെയ്തോളൂ' എന്ന് കള്ളം പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തപ്പോള്‍ മനസ്സില്‍ നിന്ന് ഭാരമെന്തൊക്കെയോ കുറഞ്ഞത് പോലെ...പിന്നെ ടര്ക്കി ടവ്വെലെടുത്തു ബാത്ത്റൂമിലേക്ക് കയറി...രണ്ടു പൂച്ചക്കണ്ണുകള്‍ എവിടെയോ ഒളിച്ചിരുന്ന് തന്നെ നോക്കുന്നതായി തോന്നി...വേഗം തുവര്ത്തിയിട്ട്, കരിഞ്ചുവപ്പ് നിറത്തിലുള്ള നൈറ്റിയെടുത്തിട്ടു.അവന് ഏറ്റവുമിഷ്ട്ടപ്പെട്ട നിറം കരിഞ്ചുവപ്പായിരുന്നല്ലോ! കട്ടിലിലെ കുരിശ് രൂപം പുറം തിരിഞ്ഞാണിപ്പോള് കിടക്കുന്നത്...വിശക്കുന്നുണ്ട്...ഡൈനിംഗ് ടേബിളിലെ പാത്രങ്ങളെല്ലാം മലര്ന്നു കിടക്കുകയാണ്...ഫ്രിഡ്ജ് തുറന്ന് ഒരു പെപ്സിയെടുത്ത് ഒരിറക്ക് കുടിച്ചു...സോഫയിലേക്ക് ചാരിക്കിടന്ന് ലാപ്ടോപ്പില്‍ ഫേസ്ബുക്ക് ലോഗ് ഇന്‍ ചെയ്തു.പിന്നെ ഇന്‍ബോക്സില്‍ വന്നു കിടക്കുന്ന പൂച്ചക്കണ്ണുള്ള എല്ലാ മെസ്സേജുകള്ക്കുമായി ഒരൊറ്റ റിപ്ലൈ അയച്ചു; ''ഡാ...പാളയത്തുകാരന് മാപ്ലച്ചെക്കാ,നിന്റെ പ്രണയമിനിയും വേണം ഈ പാലാക്കാരി
നസ്രാണിപ്പെണ്ണിന്!''
തൊട്ടടുത്ത നിമിഷം വന്ന വീഡിയോ കോളിന്റെ ശബ്ദം,കുറിഞ്ഞി പൂച്ചയെ പ്രാപിക്കാന്‍ വരുന്ന കാടന്‍ പൂച്ചയുടെ മുരളല്‍ പോലെ തോന്നി സോഫിയക്ക് !!!

No comments:
Post a Comment