ഒരു ചെന്നായയെ പോലെ അബുക്ക അലറി കൊണ്ട് പാഞ്ഞു വന്നു , നീട്ടി വളര്ത്തിയ താടിയും മുടിയും മൂക്കള പുരണ്ടു മുഷിഞ്ഞ വസ്ത്രം , എവിടെയോ വീണു പൊട്ടി രക്തം ഒലിച്ചു ദുര്ഗന്ധം വമിക്കുന്ന ശരീരവും. പരിസരം മറന്നു അബുക്ക സാബു വിന്റെ കടയിലേക്ക് ചാടി കയറി എല്ലാം തട്ടി തെറിപ്പിച്ചു കയ്യില്‍ കിട്ടിയതല്ലാം നശിപ്പിച്ചു , എന്നിട്ടും പക തീരാതെ
ആര്ത്തു അട്ടഹസിച്ചു . ഒടുവില്‍ കരഞ്ഞു .
"നീ ... നിനക്ക് ഒരിക്കലും സമാധാനം കിട്ടില്ലാട .. ഞങ്ങളുടെ കുടുമ്പം നശിപ്പിച്ചില്ലേ .. എന്റെ മകളുടെ ജീവിതം തകര്ത്ത നിന്നെ പടച്ചവന് വെറുതെ വിടില്ലടാ.. നീ എന്ത്
നേടി ... .. ഗതി കിട്ടാതെ നീയും നരകിച്ചു ചാവും " അയാള്‍ കരഞ്ഞു കൊണ്ട് സാബുവിന്റെ മാറിടം പിടിച്ചു കുലുക്കി പറഞ്ഞു.
.അബുക്ക നിലക്കാത്ത കിതപ്പോടെ ഞെട്ടി വിറച്ചു നില്ക്കുന്ന സാബുന്റെ മുഖത്തോട് ചേര്ത്തു പറഞ്ഞു : ഇതിനേക്കാള്‍ ഭേദം നിനക്കവളെ കൊല്ലാമായിരുന്നില്ലെ .. ഇങ്ങനെ ഒക്കെ നീ നേടിയ
നിന്റെ പണവും പണ്ടവും നിന്നെ തന്നെ വേട്ടയാടുന്ന ദുര് ഭൂതങ്ങളായി വരുമടാ...
"
അബുക്കാ .. ഞാന്‍ .. ഞാനല്ല.. എനിക്കറിയില്ല ........... നിങ്ങളല്ലാവരും കൂടി എന്നെ ഭ്രാന്തനാക്കല്ലേ" സാബു ഇടറുന്ന ശബ്ദത്തോടെ വാക്കുകള്‍ കിട്ടാതെ അബുക്കയെ നോക്കാന്‍ ഭയന്ന് കൊണ്ട് പറഞ്ഞു ..
നീ അറിയടാ
.. നീ മൊഴി ചൊല്ലിയ പെണ്ണ് ... എന്റെ മകള്‍ ... ഇന്ന് മാനസിക ആരോഗ്യ ആശുപത്രിയിലാ .. നീയും നിന്റെ പണവും പ്രമാണിമാരും എന്റെ മകളുടെ ജീവിതം തിരിച്ചു തരുമോ .... അബുക്ക സാബുവിന്റെ കടയില്‍ നിന്നും ഇറങ്ങി കാര്ക്കിച്ചു തുപ്പികൊണ്ട് പറഞ്ഞു ..
എന്റെ മകളുടെ കണ്ണീരിനു പകരം നീ അനുഭവിക്കാതെ
പോകില്ലാ .. നീ കാരണം
എല്ലാം വിറ്റു തുലച്ചു തെരുവിലേക്കിറങ്ങേണ്ടി വന്ന ഒരു വാപ്പാന്റെ വാക്കാണിത് , .... അത് പറയുമ്പോള്‍ അയാളുടെ കണ്ണില്‍ നിന്നും തീ കനല്
പായുന്നുണ്ടായിരുന്നു. ആ ഗര്ജ്ജനം അവിടെ ഒരു നിലക്കാത്ത ഓളം പോലെ വീണ്ടും മുഴങ്ങി കേള്ക്കുന്നുണ്ടായിരുന്നു .
സാബുവിനു ഒന്നും തന്നെ മറുത്തു പറയാന്‍ കഴിഞ്ഞിരുന്നില്ലാ , അവിടെ കൂടിയ ആളുകളെ നോക്കി അവന് വിയര്‍ത്തൊലിച്ചു. കണ്ണുകള്‍ ദൃഷ്ടി എവിടെയെങ്കിലും പതിപ്പിക്കാന്‍ കഴിയാതെ വഴുതി മാറി .
സാബു വീട്ടിലേക്കു പോകുമ്പോഴും അബുക്കയുടെ വാക്കുകള്‍ തന്നെയായിരുന്നു മനസ്സില്‍ മുഴങ്ങി കേള്ക്കുന്നത് , ഇരു ചെവിയിലും അബുക്കാന്റെ അട്ടഹാസം കൊണ്ട് പെരുമ്പറ മേളം കൊട്ടുന്ന പോലെ . മനസ്സില്‍ ദുഷ് ചിന്താ സമരം കൊണ്ട് തലയില്‍ മത്തു പിടിച്ച പോലെ അസഹനീയമായ വേദന .
സാബു വീട്ടു മുറ്റത്തെത്തി, അവിടെ കവുങ്ങ് കാലുകള്‍ കുഴിയിലേക്ക് എടുത്തു വെക്കുന്ന പന്തല് പണിക്കാരെ കണ്ടപ്പോള്‍ തന്റെ സ്വപ്നങ്ങളെ കുഴിച്ചു മൂടുകയാണോ എന്ന് തോന്നി പോയി . സാബുവിന്റെ വാപ്പ ബാവ കുട്ടി ഹാജിയാര് ചാരി കസേരയില്‍ ഇരുന്നു കോളാമ്പിയില്‍ മുറുക്കി തുപ്പി പണിക്കാര്ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് കണ്ടപ്പോള്‍ സാബുവിന് ഉള്ളിലെ അരിശവും സങ്കടവും , ദേഷ്യവും ഒരു പൊട്ടി തെറി കണക്കെ വന്നു . പക്ഷെ വാപ്പാന്റെ മുന്നില്‍ എതിര്‍ത്ത് ഒരക്ഷരം ഉരിയാടാന്‍ സാബുവിന് ഇന്നേ വരെ കഴിഞ്ഞിട്ടില്ല ഇനി കഴിയുകയും ഇല്ലാ . എല്ലാം ഉള്ളില്‍ ഒതുക്കി, ആ കൊടും
കാറ്റിനെ നേര്ത്ത ഒരു പുഞ്ചിരിയായി മനസ്സില്‍ അടക്കി നിര്ത്തി.
സാബു എല്ലാ കാര്യങ്ങളും വാപ്പയോട് മൃദു ഭാഷയില്‍ പറഞ്ഞു : എനിക്കെന്തോ .. വല്ലാത്ത വിഷമം ഉണ്ട് വാപ്പാ ... അവളെ കുറിചോര്ത്തും അവളുടെ ഉപ്പ അബുക്കാന്റെ വാക്കുകളും... പേടി തോനുന്നു.. .
ബാവകുട്ടി ഹാജി (വാപ്പ ) ദേഷ്യത്തോടെ പറഞ്ഞു : അവര്‍ ഇവിടെ ചെയ്തു കൂട്ടിയതൊക്കെ ഇത്ര പെട്ടന്ന് മറന്നോ , അവരുടെ ഇപ്പോഴത്തെ അവസ്ഥക്ക് ഉത്തരവാദി അവര്‍ മാത്രമാണ് . ബുദ്ധിക്കു സ്ഥിരത ഇല്ലാത്ത ഒരു പെണ്ണിനെ നിന്റെ തലയില്‍ കെട്ടി വെക്കാന്‍ ശ്രമിച്ചില്ലേ ... എന്നിട്ട് പറഞ്ഞ കാശ് തന്നോ ... പണ്ടം തന്നോ .... ഇന്ന് തരും നാളെ തരും എന്നൊക്കെ പറഞ്ഞു നമ്മളെ പറ്റിക്കുക അല്ലെ ചെയ്തത്.
സാബു വാപ്പായോട് അപേക്ഷിച്ച് നോക്കി :എന്നാല്‍ അവരുടെ കയ്യില്‍ നിന്ന് വാങ്ങിയ ആ പണമെങ്കിലും
നമുക്ക് തിരിച്ചു കൊടുക്കാമായിരുന്നു . അബുക്ക കടത്തില്‍ മുങ്ങി സമനില തെറ്റിയ പോലെ യായി . അയാളുടെ മുഖം കാണുമ്പോള്‍ എനിക്ക് തീരെ സമാധാനമില്ല... എത്ര ദിവസമായി ഞാനൊന്ന് ഉറങ്ങിയിട്ട്
വാപ്പ ദേഷ്യത്തോടെ സാബുവിനോട് : എന്ത് .. അവരുടെ കാശ് തിരിച്ചു കൊടുക്കെ .... നിന്റെ ജീവിതം ആ ഭ്രാന്തിയെ
കൊണ്ട് തകര്ത്തില്ലേ , എത്ര അപമാനം സഹിച്ചു . നാട്ടില്‍ ആകെ നാറിയില്ലേ .. ഇതിനെല്ലാം ഉത്തരവാദി അയാളും അയാളുടെ ലക്ഷണം കെട്ട ആ ഭ്രാന്തിയാ....
സാബുവിന്റെ ഉള്ളില്‍ ഒളിപ്പിച്ചു വെച്ച കോപം അല്പം പ്രകടമാക്കി പറഞ്ഞു : ആരാ ... ആര്ക്കാ ഭ്രാന്ത് ... ചെറിയ പ്രായത്തില്‍ കല്ല്യാണം കഴിക്കേണ്ടി വന്ന ആ പാവം
പെണ്കുട്ടിയുടെ പക്വത ഇല്ലായ്മക്കോ .. അതോ പണം പൊന്നു എന്ന് പറഞ്ഞു അവരുടെ കയ്യില്‍ നിന്ന് കിട്ടുന്നതല്ലാം വസൂലാക്കുന്ന നമുക്കോ ... ആര്ക്കാ വാപ്പാ ഭ്രാന്ത് ...
മുറ്റത്തെ പന്തല് പണിക്കാരും വീട്ടിലെ വിരുന്നുകാരും എല്ലാവരും കേള്ക്കെ വാപ്പ കോപത്താല്‍ പൊട്ടി തെറിച്ചു കൊണ്ട് സാബുവിനോട് ഉച്ചത്തില്‍ പറഞ്ഞു : ഡാ..... എന്റെ കടയില്‍ നിന്ന് നക്കാ പിച്ച വാങ്ങി സര്ക്കീറ്റ് അടിക്കുന്ന അനക്ക് എന്തറിയാടാ.. അന്റെ നാല് ഇത്താതന്മാരെ പറഞ്ഞ സ്ത്രീധനം കൊടുത്ത് കെട്ടിച്ചയച്ചത് അന്നെ ഒറ്റരാളെ കണ്ടിട്ടാ.. എല്ലാം അന്റെ കല്ല്യാണത്തീക്കൂടെ എനിക്ക് തിരിച്ചു കിട്ടണം . ആ അബു
ഉറപ്പിച്ച സ്ത്രീധനം പറഞ്ഞ സമയത്ത് തന്നിരുന്നെങ്കില്‍
....ഇത് വല്ലതും ഉണ്ടാകുമോ.. എല്ലാം കഴിഞ്ഞു .. ഇനി ആ ഭ്രാന്തിയുടെ
പേര് ഈ വീട്ടിനുള്ളില്‍
കേട്ട് പോകരുത് .
കുറച്ചു സമയത്തെ നിശ്ശപ്തതക്ക് ശേഷം വാപ്പ സാബുവിനെ അടുത്തേക്ക് വിളിച്ചു പറഞ്ഞു : നാളെ അന്റെ നിക്കാഹാ അതിന്റെ ഇടയില്‍ നീ ഓരോന്ന്
ചിന്തിച്ചു കുഴപ്പം ഉണ്ടാകേണ്ട .. പറഞ്ഞു ഉറപ്പിച്ച പണ്ടം മുതലിനേക്കാള്‍ കൂടുതല്‍ ഇവര്‍ തരാന്‍ തയ്യാറാ അന്റെ പഴയ ദരിദ്ര വാസികളെ പോലെ അല്ല ...
സാബുവിനു വാപയുടെ പരിഹാസ ചിരി ഉള്ളില്‍ ആളി കത്തുന്ന തീയ്യിന് കൂടുതല്‍ കരുത്തേകി . അവനു മറുത്തൊന്നും പറയാതെ എല്ലാം നിശപ്തതയില് ഒതുക്കുകയല്ലാതെ നിവൃത്തിയില്ല .
ആ വീട്ടില്‍
ആരോടും സാബുവിന് സംസാരിക്കാന്‍ കഴിഞ്ഞില്ല . ഇരുള് നിറഞ്ഞു നില്ക്കുന്ന മുറിയിലേക്ക് ആരോ വലിചെറിയപെട്ടവനെ പോലെ അവന്‍ വീണു. ഇരുളിലെ നിഴലുകള്‍ അവനോട സംസാരിക്കാന്‍ തുടങ്ങി. അവരുടെ ചോദ്യങ്ങള്ക്ക് അവനു ഉത്തരം ലഭിച്ചില്ല . ആ നിഴലുകളില്‍
ഒരു ഭ്രാന്തിയെ കണ്ടു , അവള്‍ അട്ടഹസിക്കുന്നത് കണ്ടു. അവന് പുതപ്പു തലയിലൂടെ വലിച്ചു കെട്ടി . തലയണകളെ ഇറുക്കി പിടിച്ചു കിടന്നു . ഇരു ചെവിയിലും അബുക്കാന്റെ അലര്ച്ചയായിരുന്നു . ചുറ്റും നിലവിളികളായിരുന്നു. ഒരു കഴുമരത്തില്‍ അബുക്ക കണ്ണുകള്‍ തുറിച്ചു കാലുകള്‍ പിടച്ചു മരിച്ചു കൊണ്ടിരിക്കുന്നത് അവന് കണ്ടു . അവന് ഞെട്ടി ഉണര്ന്നു അതൊരു സ്വപ്നം മാത്രം ആകട്ടെ എന്നവന് പ്രാര്‍ഥിച്ചു . അവന് വിയര്‍ത്തൊലിക്കുന്നുണ്ടായിരുന്നു, വറ്റി വരണ്ട തൊണ്ടയിലേക്ക് അല്പം തണുപ്പെത്തിക്കാന് വെള്ളത്തിനായി പരതിയെങ്കിലും ലഭിച്ചില്ല, അവന് വീണ്ടും ഉറങ്ങാന്‍ കിടന്നു , ഇരുമ്പഴിക്കുള്ളില്‍ ചങ്ങലയില്‍ ബന്ധിച്ചു ജഡ പിടിച്ച
തല മുടി
പറിച്ചെടുത്തു കരയുന്ന അവന്റെ ഭ്രാന്തിയായ പെണ്ണിനെ കണ്ടു അവളുടെ കണ്ണ് നീര്‍ കരഞ്ഞു വറ്റി കണ്ണിലൂടെ ചോര ഒഴുകുന്നത് കണ്ടു . അവള്‍ ഇരു കൈകളുമായി അവന്റെ കഴുത്തില്‍ ഞെരിഞ്ഞമാര്ത്തി . അവന് ഭയന്ന് വിറച്ചു , ശ്വാസം കിട്ടാതെ നിലവിളിച്ചു .....
രാവിലെ ഉണര്ന്നു റൂമില്‍ സാബു ഭയം നിഴലിക്കുന്ന കണ്ണുകളുമായി സംശയത്തോടെ ചുറ്റും വീക്ഷിച്ചു . തന്റെ ശരീരം ചുട്ടു പൊള്ളുന്നുണ്ടായിരുന്നു . ഇന്ന് സാബുവിന്റെ രണ്ടാമത്തെ നിക്കാഹ് , വീട്ടുകാര്‍ ഒരുങ്ങാന്‍ തിരക്ക് കൂട്ടുന്നുണ്ട് . ഒന്നിനോടും ആത്മാര്ത്ഥമായി പ്രതികരിക്കാന്‍ അവനു സാധിച്ചില്ല . ആ ബഹളങ്ങളിലും
അവന് ഒറ്റ പെട്ടിരുന്നു . ആരോടും ഒന്നും പറയാന്‍ കഴിയാതെ അവന് വിഷമിച്ചു .മനസ്സ് കോപിച്ച സമുദ്രം പോലെ ഇളകി മറിയുന്നു തന്നെ ആരോ പിന്തുടരുന്ന പോലെ കാതുകളില്‍ ദാരുണമായ നിലവിളി . അവന് പള്ളിയിലേക്ക് ബന്ധുക്കളോടപ്പം നടന്നു പിന്നില്‍ നിന്നും ദുര് ഭൂതങ്ങളുടെ അട്ടഹാസം കേട്ട് . തീയില്‍ പഴുത്ത സ്വര്ണ്ണ ചങ്ങല കൊണ്ട് അവനെ വലിഞ്ഞു കെട്ടി ബന്ധനം ചെയ്യാന്‍ ദുര് ഭൂതങ്ങള്‍ അവന്റെ പിന്തുടരുന്നതായി അവന് കരുതി. അവന് കൂട്ടത്തില്‍ ഉള്ള ആരെക്കാളും വേഗത്തില്‍ നടന്നു മുന്നില്‍ പള്ളിയിലേക്കോടി. എത്തിപെട്ടത് പള്ളിക്കാട്ടിലേക്കായിരുന്നു
അവിടെ ഒരു കൂട്ടം ആളുകള്‍ ഒരു മയ്യിത്തിനെ കൊണ്ട് വരുന്നു . ഓ .. അല്ലാഹ് ......! സാബുവിന്റെ മനസ്സ് മന്ത്രിച്ചു.. ഏതാനും ഹൃദയമിടിപ്പുകള്‍ നഷ്ടമായി അവന് സ്തംഭിച്ചു നിന്നു. അവനെ കണ്ട ആ കൂട്ടത്തിലെ
ഒരാള്‍ പറഞ്ഞു , "അറിഞ്ഞില്ലേ... നമ്മുടെ അബുക്ക ഇന്നലെ രാത്രി ഹജാര്‍ പറമ്പിലെ പുളിമരത്തിന്മേല്‍ കെട്ടി തൂങ്ങി മരിച്ചു"
.മയ്യത്തിനോടപ്പം ഉരുവിടുന്ന മന്ത്രങ്ങള്‍ സാബുവിനെ വലിഞ്ഞു കെട്ടുന്ന പോലെ അനുഭവപെട്ടു . ആ ഖബറിലേക്ക്
മയ്യിത്തിലേക്കിടുന്ന
ഓരോ പിടി മണ്ണാല്‍ അബുക്കയോടപ്പം അവന്റെ മനസ്സിനെയും ഖബറക്കപെട്ടിരുന്നു. പള്ളിക്കാട്ടിലെ മീസാന്‍ കല്ലുകള്‍ അവന്റെ നേരെ വിരല്‍ ചൂണ്ടുന്നുണ്ടായിരുന്നു , ആര്ത്ത് അട്ടഹസിക്കാന് അവന്റെ നാക്കിനു കഴിഞ്ഞിരുന്നില്ല , അവന്റെ കൈ കാലുകള്‍
തളര്‍ന്നു . ആ ഖബറിടത്തില്‍ നിന്നും അവന് എഴുന്നേല്ക്കാന് കഴിഞ്ഞില്ല ബന്ധുക്കളും കാരണവന്മാരും അവനെ പിടിച്ചു വലിച്ചു കൊണ്ട് പോകുമ്പോള്‍ ചുട്ടു പഴുത്ത കനക ലോഹങ്ങള്‍ അവന്റെ പച്ച മാംസത്തില്‍ കെട്ടി മണ്ണിലൂടെ വലിച്ചു ഇഴച്ചു കൊണ്ട് പോകുന്നതായി അവന് കരുതി. അവനെ ബന്ധുക്കള്‍ രണ്ടാമത്തെ നിക്കാഹിനു ഉസ്താദിന്റെ മുന്നില്‍ പിടിച്ചിരുത്തി . നോട്ടു കെട്ടുകളും സ്വര്ണ്ണവും അവന്റെ മുന്നില്‍ കുമിഞ്ഞു കൂടുന്നു അവന് ഓരോ നോട്ടു കെട്ടുകളും പറിച്ചെടുത്തു വലിച്ചു കീറി അത് അവന്റെ വാപ്പാന്റെ ശരീരം മാന്തി കീറു കയാണന്നു അവന് അറിഞ്ഞിരുന്നില്ല , സ്വര്ണ്ണത്തിന്റെ മേല്‍ അവനും കാര്ക്കിച്ചു തുപ്പി അത് കാര്ന്നവന്മാരുടെ മുഖത്തെക്കാണന്നു സാബു തിരിച്ചറിഞ്ഞില്ല ..........
ഒന്നും തിരിച്ചറിയാനാവാതെ വര്‍ഷങ്ങള്‍ കഴിഞ്ഞു അവനും അവന്റെ ചിന്തകളും ഇന്നും സമരത്തില്‍ തന്നെ , ബന്ധുക്കള്‍ ബന്ധനത്തിലാക്കിയ മറ്റൊരു ഇരുണ്ട മുറിയിലെ ചങ്ങലയില്‍ കടിച്ചു പല്ലുകളെ മിനുസ പെടുത്തി ഇനിയും കാലങ്ങള്‍ കടന്നു പോകും. അബുക്കാന്റെയും കൂടെ ഒരു ഭ്രാന്തി പെണ്ണിന്റെയും കണ്ണീരില്‍ അവന് രാത്രിയില്‍ ഉറക്കെ ഹൃദയം തകര്ക്കുമാര് അലറി കരയുമായിരുന്നു. ആകാശത്തെ തിളങ്ങുന്ന നക്ഷത്രങ്ങളില്‍ അവന്റെ ഭ്രാന്തി പെണ്ണിനെ കാണുമ്പോള്‍ അവനോടു പുഞ്ചിരി തൂകുമ്പോള്‍ അവനും ഉച്ചത്തില്‍ ചിരിക്കുമായിരുന്നു. അട്ടഹസിക്കുമായിരുന്നു
, ആഹ്ലാദം
കൊണ്ട് ജനാല ഇഴയില്‍ കൂടെ കൈകള്‍ നീട്ടി അവളെ വാരി പുണരാന്‍ തിടുക്കും കൂട്ടുമായിരുന്നു . ഇരു കാലുകളും തളക്കെപ്പെട്ട ചങ്ങലകള്‍ ക്കിടയിലൂടെ പൊട്ടിയൊലിക്കുന്ന ചോരയുടെ നിറമോ ആ മുറിവില്‍
നിന്നും പഴുത്തുനാറുന്ന രൂക്ഷ ദുര്ഗന്ധമോ അവനറിഞ്ഞില്ല. എങ്കിലും എന്തിനെന്നറിയാതെ ഒരു തുള്ളി കണ്ണുനീര് ആ കണ്ണുകളില്‍
നിന്നും അടര്ന്നു വീണിരുന്നു..

No comments:
Post a Comment