{PONNANI FACEBOOK GROUP SHORT STORY COMPETITION , STORY ID -1012}
കാലം പലതും പണിതും തകര്‍ത്തും അതിന്റെ ജൈത്രയാത്ര തുടരുമ്പോള്‍ പുത്തനുടുപ്പുകളും കുരുന്നു മനസ്സില്‍ ഒരു കുടന്ന മോഹപൂക്കളുമായ് പുഞ്ചിരി തൂകിയെത്തിയ വര്‍ഷകാലത്തിന്റെ നനുത്ത സ്പര്ശനത്തില് വിദ്യാലയങ്ങള്‍ ശബ്ദമാനമായ്.
വിദ്യാലയത്തിന്റെ കവാടം കടന്ന് ഉള്ളിലേക്കുവരുമ്പോള് ഞാന്‍ 'അപ്പോയിന്മെന്റ് കാര്‍ഡ് ' എടുത്ത് ഒന്നുകൂടി നോക്കി.
തികച്ചും അപരിചിതമായ സ്ഥലവും സഹപ്രവര്‍ത്തകരും കുട്ടികളും ചുരുങ്ങിയ കാലയളവില്‍ കൂട്ടുകാരായപ്പോള് , ഗ്യാസ് ടാങ്കര്‍ ദുരന്തത്തില്‍ അഗ്നിജ്വാലകളാല്‍ ജീവനോടെ വെന്തെരിഞ്ഞ മാതാപിതാക്കളുടെ കരിഞ്ഞ ഭീകരതയുടെ ദൈന്യതയില്‍ അനാഥനായ എന്നില്‍ കാലം വീണ്ടും പ്രസരിപ്പുമായി കടന്നുവന്നപ്പോള്‍ ; ഞാന്‍ വീണ്ടും ഞാനായി മാറിയപ്പോള്‍ , മനസ്സുകള്‍ കവര്ന്നുകൊണ്ടേറ്റുവാങ്ങിയ ആഹ്ളാദാരവങ്ങള്‍ കേള്‍ക്കാമായിരുന്നു.
കലാപരിപാടികളിലൂടെ സ്കൂളിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായി മാറിക്കൊണ്ട് , കലാപങ്ങള്‍ക്ക് ദൃക്സാക്ഷിത്വം വഹിക്കുന്ന, പ്രതീക്ഷകളുടെ ഉറവിടമായ, മധുരസ്വപ്നങ്ങളുടേയും ചാപല്ല്യങ്ങളുടേയും വിഹാര കേന്ദ്രമായ കലാലയത്തിലേക്കുള്ള യാത്രയായിരുന്നു.
'കോളേജ് ഡേ'യില്‍ ഒരു പാട്ടിലൂടെ ഞാന്‍ രംഗത്തെത്തി.
പലരുടെയും അഭിനന്ദനങ്ങള്‍ക്ക് നന്ദിയേകിയപ്പോഴും 'ഒരു കുട്ടിയുടെ' വാക്കുകള്‍ മാത്രം എന്തോ ഒരു പ്രത്യേകതകൊണ്ട് മനസ്സില്‍ തങ്ങി നിന്നു.
".... എന്താ പറയേണ്ടത് എന്നറിയില്ല ...... നന്നായി..!!! പാട്ടിന്റെ പല്ലവിക്കെന്തോ ഒരട്രാക്ഷന്‍ ഉള്ളതുപോലെ ......"
മറ്റുള്ളവരുടെ അസൂയകളേറ്റുവാങ്ങിക്കൊണ്ട് , എന്റെ സമീപ്യത്തിലവളുടെ ചലനങ്ങളില്‍ രാഗചേഷ്ടകള് മയങ്ങാതെ കിടന്നിരുന്നു. അനുരാഗത്തില്‍ കലാശിക്കാത്ത ഒരു സൗഹൃദം മാത്രമാഗ്രഹിച്ച എന്റെ മനസ്സില്‍ സാധകം തെറ്റിച്ചപോലെ അവളുടെ സൗന്ദര്യപിണക്കവും ഇടപഴകലും പുതിയ ചിത്രങ്ങള്‍ മെനയുകയായിരുന്നോ?
അറിഞ്ഞോ അറിയാതെയോ അവള് വിതച്ച വിത്താല്‍ എന്‍ മനസ്സില്‍ വിടര്‍ന്ന മോഹക്കതിരുകള്‍ അവളുടെ അപ്രതീക്ഷിതമായ ആ യാത്രാമൊഴിയൊരുക്കിയ കണ്ണീരാല്‍ മുങ്ങി മറിഞ്ഞു:
" ഞാന്‍ പോവാ... എനിക്ക് മെഡിസിന് സീറ്റ് കിട്ടി... പിന്നെ ..... നമുക്ക് ......"
ആ ഗദ്ഗദം ഗഡുക്കളായ് പറഞ്ഞുതീര്‍ക്കുമ്പോള്‍ അവളുടെ മനോഹരമായ കവിളിലൂടെ മിഴിനീര്‍മണികള്‍ ഒഴുകാന്‍ തുടങ്ങിയിരുന്നു.
വിരഹനൊമ്പരത്തില്‍ ഉദിച്ച മൗനം ഏതൊക്കെയോ അര്‍ത്ഥതലങ്ങള്‍ തേടി അലയുകയായിരുന്നു.
കാലത്തിന്റെ കൈകളില്‍ നാം വെറും മണല്‍പ്പുറ്റുകള്‍ ; ജീവിതം വ്യര്ത്ഥമോഹങ്ങളുടെ കലവറയും. ജീവിത സങ്കല്‍പ്പങ്ങളും യാഥാര്‍ത്ഥ്യങ്ങളും ചേര്‍ത്ത് നോക്കിയപ്പോള്‍ , ദേശാടനക്കിളികള്‍ കരയാറില്ലെന്നും; എക്കാലത്തേക്കായൊരു കൂടുകൂട്ടാന്‍ കഴിയില്ലെന്നൊരു ദുഃഖസത്യമറിയുന്ന, എന്റെ നെഞ്ചില്‍ നോവിന് സംഗീതം അലയടിക്കുകയായിരുന്നു.
യാത്രയാകും മുമ്പേ അവളുടെ ആവശ്യപ്രകാരം അവളുടെ ഡയറിയില്‍ , എന്റെ ജീവിതയാഥാര്ത്ഥ്യമായി മാറുന്ന, അന്നത്തെ പാട്ടിന്റെ പല്ലവി അവസാന താളില്‍ കണ്ണീരും ചേര്‍ത്ത് ഹൃദയരക്തത്തിലെഴുതി:
"നിനക്കായ് പാടുവാനെന്‍ സ്വരങ്ങളുയരുമ്പോള്‍
അകതാരിലെ സ്വപ്നങ്ങളേയും മായിച്ചുകൊണ്ടേ
യാത്രാമൊഴി ചൊല്ലിയകലുന്ന സ്നേഹസത്യമേ,
മംഗളം നേരുമീ രാഗ്രാദ്ര നൊമ്പര മൗന ഗാനം! "
പഴയ നിനവില്‍ നിന്ന് ഉണര്‍ന്നപ്പോള്‍ ഞാന്‍ ആസുപത്രിക്കിടക്കയിലായിരുന്നു. അടുത്ത് പ്രധാനാദ്ധ്യാപകാനും സഹപ്രവര്‍ത്തകരും. പെട്ടെന്ന് ഡോക്ടര്‍ വന്നു പറഞ്ഞു:
" മാഷേ , പേടിക്കാനൊന്നുമില്ല... ബ്ലഡ് പ്രഷര്‍ കൂടിയതാണ് തലകറങ്ങി വീഴാന്‍ കാരണം ...."
അപ്പോഴാണ് ഞാന്‍ ഡോക്ടറെ ശ്രദ്ധിച്ചത്, അത്ഭുതമോ, സന്തോഷമോ, സങ്കടമോ എന്ന് വേര്‍തിരിച്ചറിയും മുമ്പേ മിഴിനിറഞ്ഞൊഴുകിയ എന്റെ കണ്ണീര്‍കണങ്ങള്‍ തുടച്ചുകൊണ്ട് എന്നരികിലിരുന്ന് ഡോക്ടര്‍ പറഞ്ഞു:
"ഒന്നൂല്ലാ.... മാഷേ ...."
അതുകേട്ടപ്പോള്‍ അറിയാതെ എന്റെ അന്തരാത്മവിലെ ഗാനമുണര്ന്നു:
"നിനക്കായ് പാടുവാനെന്‍ സ്വരങ്ങളുയരുമ്പോള്‍ ...."
നേര്‍ത്ത ശബ്ദതില്‍ അത്രയും പാടിയപ്പോള്‍ നനുത്ത മൃദുലമായ കൈവിരല്സ്പര്ശം എന്റെ അധരങ്ങള്‍ മൂടി. പൂനിലാവ് പോലെ പുഞ്ചിരിതൂകി, നഷ്ടമായെന്ന് ഞാന്‍ കരുതിയ പ്രത്യാശയുടെ പ്രണയനിലാവെളിച്ചം പകര്‍ന്ന് , ഡോക്ടര്‍ എന്റെ ഹൃദയത്തില്‍ തൊട്ടു.
----------------------------------------------------------------------------------------------------------------------------------

ഗുഡ്
ReplyDelete